1

കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്..?

എത്രയും പ്രിയപെട്ട…

എത്രനാളായി നിനക്കിങ്ങനെ ഒരു എഴുത്ത് എഴുതിയിട്ട്? കല്യാണത്തിനു ശേഷം ജീവിതം ഒരറ്റത്തു എത്തിക്കാനുള്ള ഓട്ടമായിരുന്നു. ഒരുപാടകന്നുപോയതുപോലെ നാം. ഒന്നിച്ചിരുന്നു കണ്ടതും, വരച്ചതുമെല്ലാം ഇന്നേതോ സ്വപ്നം പോലെ തലയ്ക്കു ചുറ്റും കറങ്ങി നടക്കുന്നു. സ്വപ്നങ്ങള്‍ എല്ലാം ഒരു പെട്ടിയില്‍ സൂക്ഷിച്ചു വെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. എനിക്കിവിടെ തീരെ പറ്റില്ല എന്ന് ഓരോ ദിനവും ഓരോ മണിക്കൂറും എന്തിനധികം ഓരോ നിമിഷം വരെ ചെവിയിലിങ്ങനെ ഓതിക്കൊണ്ടിരിക്കയാണ്. പക്ഷെ നിന്നല്ലേ പറ്റുകയുള്ളു. നമ്മള്‍ സ്വപ്നലോകങ്ങളില്‍ വിരഹിച്ചിരുന്നപ്പോള്‍ കണ്ടതുപോലെ ഇവിടെ എല്ലാമുണ്ട്. ഗുല്‍മോഹര്‍ മരങ്ങള്‍, ചന്ദ്രന്‍, നമ്മുടെ കടുപ്പം കൂടിയ കട്ടന്‍, നിന്റെ ഉണ്ണിയപ്പം അങ്ങനെ പലതും...

എന്നാല്‍ എന്തോ പറഞ്ഞാല്‍ തിരിച്ചറിയാത്തൊരു കുറവുണ്ട് എല്ലാത്തിലും. നീയില്ലാതെ ഞാന്‍ കാണുന്നത് കൊണ്ടല്ല, നമ്മള്‍ ഇല്ലാതെ കാണുന്നതു കൊണ്ട്. ഒന്നുമങ്ങോട്ടു പൂര്‍ണമാവുന്നില്ല. യാത്ര തുടങ്ങിയ സ്മരണകള്‍ യാത്രയുടെ പാതിവഴിയില്‍ നാഥനില്ലാതെ മടങ്ങുന്നപോലെ. ഇവിടെയൊരു അന്ധകാരം പിന്തുടരുന്നുണ്ടെന്നെ. ഇടയ്ക്ക് ഈ തിരക്കേറിയ തെരുവുകളില്‍ ചുമ്മാ നടക്കാനിറങ്ങും. എന്നെക്കാള്‍ ഗതികേടുള്ളവര്‍ ഒരുപാട് ഉണ്ടിവിടെ. പക്ഷെ ഒരിക്കലും അവരുമായി എന്നെ താരതമ്യപ്പെടുത്താന്‍ എനിക്കു കഴിഞ്ഞട്ടില്ല. ഈയിടക്കൊരു സൂഫിമഠത്തില്‍ ഹിന്ദുസ്ഥാനി സംഗീതം കേള്‍ക്കാന്‍ പോയിരുന്നു. അവടെ ഒരു മലയാളിയെ പരിചയപെട്ടു. അദ്ദേഹം എനിക്കുവേണ്ടി നമ്മുടെയാ...! ഓര്‍മ്മയുണ്ടോ നമ്മള്‍ ഒന്നിച്ചേറ്റവും കൂടുതല്‍ കേട്ടിരുന്ന ആ ഗാനം... അതെനിക്കായി പാടിത്തന്നു. സംഗീതത്തിന് ഭാഷയില്ല എന്ന് പറയുന്നതെത്ര സത്യമാണ്. വല്ലാത്തൊരു ഗൃഹാതുരത്വം ഞാന്‍ അനുഭവിച്ചു. യഥാര്‍ത്ഥത്തില്‍ 'പ്രണയാതുരത്വം' എന്ന് പറയേണ്ടി വരും. നമ്മള്‍ അലിഞ്ഞില്ലാതായതുപോലെ അവിടെയുണ്ടായിരുന്ന എല്ലാവരും ഭാഷയറിയാത്ത ആ സംഗീതത്തില്‍ അലിഞ്ഞിരുന്നു. അതൊരിക്കല്‍ നാം ഒന്നിച്ചുപാടിയതോര്‍മ്മയുണ്ടോ? മത്സരിച്ചു അന്ന് ആ ആല്‍ത്തറയില്‍ ഇരുന്നു ചുറ്റുമുള്ള നൂറുകണക്കിന് ആള്‍ക്കാരെ ശ്രദ്ധിക്കാതെ... നീയും ഞാനും കൂടെ. ആഗ്രഹങ്ങളുടെ ഈയാംപാറ്റകള്‍ പോലെ ആ വരികള്‍ ജനിച്ചു കൊണ്ട് നിമിഷനേരം കൊണ്ട് ഇല്ലാതെയായി. ഈ കത്തിനോടൊപ്പം ഞാന്‍ അദ്ദേഹം പാടിയ ഒരു കാസറ്റ് അയക്കുന്നുണ്ട്...

കണ്ണുനട്ടു കാത്തിരുന്നിട്ടും

കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്..?

ആ വരികള്‍ നീ പാടിയതിലും നന്നായി ആ പാട്ടിന്റെ ഉടമസ്ഥന് മാത്രമേ പാടാന്‍ കഴിയുകയുള്ളു.

അതുപോലെ, ചില സുഗമല്ലാത്ത വൈകുന്നേരങ്ങളില്‍ പണ്ട് പോയതു പോലെയിപ്പോള്‍ അസ്തമയം കാണാന്‍ ഞാന്‍ പോകാറില്ല. നമ്മള്‍ കണ്ടറിഞ്ഞിരുന്ന, സ്‌നേഹിച്ചിരുന്ന സൂര്യന്‍ ഇന്ന് ആകെ മാറിയിരിക്കുന്നു. ഇവിടുത്തെ ചൂടിലും പൊടിയിലും പുള്ളിക്കാകെ ദേഷ്യമാണ്. ഇവിടുത്തെ ജീവിതം വളരെ ദുസ്സഹം തന്നെയാണ്. രാവിലെ എഴുന്നേറ്റാല്‍ പല പല ജോലികളാണ്. പണ്ട് ഞാന്‍ എന്തൊരു മടിയനായിരുന്നു. നീ വാരിത്തരുന്ന ചോറു മാത്രം ഉണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ ഗ്രീസും ഉണങ്ങിപിടിച്ച ചോരയും, പരന്ന കൈകൊണ്ടു കടിച്ചാല്‍ പൊട്ടാത്ത റൊട്ടി പച്ചവെള്ളവും കൂട്ടി അങ്ങ് കഴിക്കും. വിശപ്പിനു വല്ലാത്ത രുചിയാണ്. ഇന്നലെ രാവിലെ ഏതോ പാകിസ്ഥാനി പട്ടാണികളുടെ തുണിയലക്കലായിരുന്നു. മിനിഞ്ഞാന്ന് കല്‍ക്കരി വാരല്‍. അങ്ങനെ പല പല പണികള്‍.. ഉച്ചക്ക് ഒരുമണിക്ക് ഇവിടുത്തെ ഒരു ദാബയില്‍ വരി നിന്നില്ലെങ്കില്‍ ആകെയുള്ള റൊട്ടിയും കിട്ടില്ല. ഇവിടത്തെ സമയത്തിന് സര്‍വേശ്വരനെക്കാള്‍ വിലയുണ്ട്. കാലം ഓരോ സ്ഥലങ്ങളില്‍ നമുക്കായി പല രൂപങ്ങളിലാണ്.

നമ്മള്‍ വായിച്ചു തീര്‍ത്ത പല പുസ്തകങ്ങളും ഇപ്പോള്‍ ഇവിടെ വിപണിയിലുണ്ട്. ഞാന്‍ ഇടക്ക് അവിടെ ജോലിക്ക് പോകും. ഇടയില്‍ നമ്മുടെ ഇക്കാന്റെ പ്രേമലേഖനവും, ബാല്യകാലസഖിയും കട്ടെടുത്തു വായിക്കും. മാധവിക്കുട്ടി അങ്ങ് മുകളിലാണ്. കയ്യെത്താദൂരെ... എന്നെ ഇങ്ങനെ മാടിവിളിക്കും. കൊതിയാവുന്നു ഇപ്പോളും. സമയം കിട്ടിയിരുന്നെങ്കില്‍ വായിക്കാമായിരുന്നു. ഇവിടുത്തെ സമയത്തിന്റെ വില ആഹാരത്തിനു വേണ്ടിയുള്ളതാണ്. വായനക്കുള്ളതല്ല. ഇവിടെയെത്തിയ ആദ്യദിവസത്തില്‍ അതു ഞാന്‍ മനസിലാക്കിയിരുന്നു. കുറച്ചുദിവസം കൂടിയേ ഇനി ഇവിടെയുള്ളു. സൂഫി മഠത്തില്‍ കണ്ട ആ മലയാളി സംഗീതജ്ഞന്റെ കൂടെ ബനാറസ്സിലേക്ക് പോകാന്‍ ഉള്ള ആലോചനയിലാണ്. അവിടെ ഇതുപോലെ അല്ല. വഴിയോരത്തായാലും കിടക്കാം. അതുതന്നെ വലിയൊരാശ്വാസം. പിന്നെ കൈവെള്ളയിലെ മുറിവുകള്‍ ഉണങ്ങാതെ ബലം പ്രയോഗിച്ചുള്ള ജോലികള്‍ സാധ്യമല്ല. അതിനാല്‍ യാത്ര ആവിശ്യമാണ്. ഇതൊക്കെയാണ് എന്റെ വിശേഷങ്ങള്‍... കൂടുതല്‍ ഇനി ഒരുപാടുണ്ട്. സന്തോഷമായിട്ടിരിക്കുന്നു. നിനക്കും ഭര്‍ത്താവിനും സുഖമെന്ന് കരുതുന്നു. (ഉണ്ടാവുന്ന ആദ്യപെണ്‍കുട്ടിക്ക് നമ്മള്‍ പറഞ്ഞതു പോലെ 'ആമി' എന്ന് പേരിടണം).

എന്ന് സ്വന്തം ഞാന്‍...

പേന അടച്ചുവെച്ചു അവന്‍ ഒന്ന് മൂളി...

നീയത് കാണാതെ കാറ്റിന്റെ

മറവിലൂടെ അക്കരെ കടവിലേക്ക്

തുഴഞ്ഞുപോയി........

കടവത്തു ഞാന്‍ മാത്രമായി.

തുടര്‍ന്നാ കത്ത് അവന്‍ അവിടെയുള്ളൊരു ഇരുമ്പുപാട്ടയില്‍ ഭദ്രമായി തിരുകിവെച്ചു.