1

ഇരവിന്റെ ലഹരി

അന്നൊരു അപ്രതിക്ഷിത മഴയായിരുന്നു. കോളജിൽ നിന്നും വീട്ടിലേക്ക് നടന്നയവൾ കുട എടുത്തിരുന്നില്ല.  എന്നിൽ നിന്നും ഒരുപാട് ദൂരെയായിരുന്നു അവളെങ്കിലും എനിക്ക് അവളെ കാണാമായിരുന്നു.    പെട്ടെന്ന് വന്ന മിന്നലിന്റെ വെളിച്ചത്തിൽ അവൾ അതിസുന്ദരിയായി തോന്നി. പുറകെവന്ന ഇടിയെ പോലും ആ സൗന്ദര്യം മറച്ചു കളഞ്ഞു. ഒരുപക്ഷേ എൻറെ  കാഴ്ചക്കതീതമാവാം അവളുടെ സൗന്ദര്യം. അവൾ തിരിഞ്ഞു നോക്കുമോ എന്ന ഭയം എന്നെ അവളിൽ നിന്ന് അകലാൻ പ്രേരിപ്പിക്കുകയും അവളുടെ സൗന്ദര്യം അതിനേക്കാളുപരി എന്നെ അവളിലേക്ക് അടുപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പതിയെ ഞാൻ ആ ഭയത്തിന്റെ ലഹരി ആസ്വദിച്ച് തുടങ്ങി. ഒരുപക്ഷേ എൻറെ പ്രണയം സഫലമായിരുന്നെങ്കിൽ പോലും എനിക്ക് ഈ ലഹരി കിട്ടില്ലായിരുന്നുവെന്ന് എനിക്ക് തോന്നി.