പടവ് 2023 ൽ ഒരു ദിനം
കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസിൽ പടവ് 2023 നോടനുബന്ധിച്ച് "നേരറിയാൻ" എന്ന ഒരു മാധ്യമശില്പശാല നടന്നു. ജേർണലിസം, ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ രേഷ്മ മിസ്സിന്റെ നേതൃത്വത്തിൽ 15 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ 10.30 നു വെറ്റിനറി കോളജ് ക്യാമ്പസിൽ എത്തുകയും അവിടെ നിന്നും അവരുടെ കോളേജ് ബസ്സിൽ തന്നെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിലേക്ക് പോവുകയും ചെയ്‌തു. അവിടെ നിന്നും ചായ കുടിച്ചതിനു ശേഷം അവരുടെ തന്നെ പഠനാവശ്യത്തിനുള്ള ഡയറി പ്ലാന്റിലേക്ക് പോയി. അവിടത്തെ അധ്യാപകനായ റിയാസ് സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്ലാന്റ് സന്ദർശനം. അവരുടെ ഫാമിലെ തന്നെ പാൽ പാസ്ചരയ്‌സ്ഡ് ചെയ്യുന്നതും അതിന്റെ പാക്കിങ്ങും പാൽ ഉത്പന്നങ്ങളുടെ സെക്ഷനുകളും ഞങ്ങളിൽ പലരും ആദ്യമായാണ് കാണുന്നത്. ഐസ്ക്രീം, പേട, പാൽ പൊടി, ഗുലാബ് ജാം, സിപ്പ്പ് എന്നിവയാണ് അവരുടെ പാൽ ഉത്പന്നങ്ങളെന്നു മനസിലാക്കാൻ സാധിച്ചു.
അവിടെ നിന്നും പിന്നീട് പോയത് അവിടത്തെ മറ്റൊരു ഡിപ്പാർട്മെന്റായ ലൈവ് സ്റ്റോക്ക് പ്രോഡക്റ്റ് ടെക്നോളജി ആൻഡ് മീറ്റ് പ്ലാന്റിലേക്കാണ്. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രൊഫസർ ഡോ ശിൽപ സജി വിശദീകരിച്ചു. കോഴി, പശു, കാള, പോർക്ക് മുതലായ മൃഗങ്ങളെ അറക്കുന്ന ഹാളുകൾ കണ്ടു. അറവുശാലയാണോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു ആ മുറിയുടെ വൃത്തിയെന്ന് പറയാതെവയ്യ. പിന്നെ അവരുടെ ഫുഡ് പ്രൊഡക്ഷൻ ഏരിയ, മൃഗങ്ങളുടെ വേസ്റ്റ് വളം ആക്കി എടുക്കുന്ന പ്ലാന്റ് എല്ലാം സന്ദർശിച്ചു.
ഉച്ച ഭക്ഷണത്തിനുശേഷം 1.30 ഓടെ മാധ്യമശില്പശാലയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രിമാരായ റവന്യു മന്ത്രി രാജൻ, ക്ഷീര വികസന മന്ത്രി രാജൻ, ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി എന്നിവർ എത്തിചെർന്നിരുന്നു. പേവിഷബാധ, പാലുത്പന്നങളെക്കുറിച്ചു അറിയേണ്ടതെല്ലാം, കാർഷിക റിപ്പോർട്ടിങ് എന്നി വിഷയങ്ങളെക്കുറിച്ചു മുതിർന്ന അധ്യാപകരും മാധ്യമ പ്രവർത്തകരും ക്ലാസ്സുകൾ എടുത്തു. ആദ്യമായിട്ടാണ് ഞങ്ങളിൽ പലരും മാധ്യമ സെമിനാറിൽ പങ്കെടുക്കുന്നത്. അതിന്റെ സന്തോഷവും ആകാംഷയും ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റിനോടൊപ്പം മിൽമയുടെ ഉത്പന്നങ്ങളുടെ ഒരു പാക്കും പങ്കെടുത്ത എല്ലാവർക്കും നൽകിയത് അന്നേ ദിവസത്തിന്റെ മധുരം കൂട്ടി.