നിഴൽ
ഞാൻ : എവിടെയോ എന്തോ തകരാറ് പോലെ ... വല്ലാത്തൊരു അസ്വസ്ഥത ...ശരീരത്തിനല്ല.
ഞാൻ തന്നെ : പിന്നെ?
ഞാൻ : അറിയില്ല മനസ്സിനാണെന്ന് തോന്നുന്നു.
ഞാൻ തന്നെ : മനസ്സോ? അതെന്താ സംഭവം.
ഞാൻ : എടൊ മനസ്സ് എന്താണെന്ന് അറിയില്ലേ? നമ്മെ മുഴുവനായി നിയന്ത്രിക്കുന്നത്...
ഞാൻ തന്നെ : ഓ അത്. കേട്ടിട്ടേയുള്ളു കണ്ടട്ടില്ല. അപ്പോൾ കാണാത്തൊരു സാധനത്തിനാണോ നമ്മൾ നമ്മെ വിശ്വസിച്ചു ഏൽപ്പിക്കുന്നത്?
ഞാൻ : കാണാത്തൊരു സാധനത്തിന് മുന്നിൽ തൊഴുത് കുമ്പിട്ടു നിൽക്കുന്നില്ലേ, അപേക്ഷിക്കുന്നില്ലേ, കരയുന്നില്ലേ അത്രേയുള്ളു ഇതും ..
ഞാൻ തന്നെ : അപ്പോൾ ദൈവവും മനസ്സും ഒന്നാണോ?
ഞാൻ : അല്ല ... രണ്ടും രണ്ടാണ് ... ദൈവത്തെക്കാൾ ശക്തിയുണ്ട് മനസ്സിന് ... ദൈവം ഉണ്ടെന്ന് വെക്കാനുള്ള അധികാരവും അവകാശവും മനസ്സിന്റേതാണ് ഇല്ലെന്ന് വെക്കാനുള്ള അവകാശവും അധികാരവും മനുഷ്യന്റേതാണ് ...
ഞാൻ തന്നെ : ഓഹോ ദൈവം ഉണ്ടല്ലേ..
ഞാൻ : അതിന് താൻ കണ്ടിട്ടുണ്ടോ ?
ഞാൻ തന്നെ : ഇല്ല ... നീയോ?
ഞാൻ : ഉണ്ട് ... എവിടെയൊക്കെയോ വെച്ചു പല തവണ കണ്ടിട്ടുണ്ട് ...
ഞാൻ തന്നെ : എപ്പോൾ?
ഞാൻ : എടൊ പണ്ട് നമ്പിയാരുടെ ഭാര്യയുടെ മുഖത്തേക്ക് നോക്കിയതിന് ഒരു താഴ്ന്ന ജാതിയിലെ ചെക്കന്റെ കണ്ണ് ചൂഴ്ന്നെടുത്തതോർമ്മയുണ്ടോ?
ഞാൻ തന്നെ : ആ.. ഉണ്ട്.
ഞാൻ :സാധാരണ അങ്ങനെ ചെയ്താൽ നമ്പിയാർ കൊന്നു കളയാറല്ലെ പതിവ്. ഇതിപ്പോ കണ്ണ് മാത്രല്ലേ പോയുള്ളു ... വേണെങ്കിൽ നമ്പിയാർക്ക് കൊന്ന് കളയാൻ പറ്റുമായിരുന്നല്ലോ ... നമ്പിയാർ അത് ചെയ്തില്ലല്ലോ ... നമ്പിയാരുടെ ആ മനസ്സില്ലേ അതാണ് ദൈവം ...
ഞാൻ തന്നെ : ശെരിയാ ലെ . നമ്പിയാരുടെ ഒരു വലിയ മനസ്സേ ....
ഞാൻ : അത് തന്നെ.
ഞാൻ തന്നെ : അല്ല അപ്പൊ ആ കണ്ണ് പോയ ചെറുക്കൻ അന്നൊന്നും പ്രതികരിച്ചില്ലേ ...
ഞാൻ : എവടെ ... അവനെ കൊണ്ട് എന്താവാനാ...
ഞാൻ തന്നെ : ശെരിയാ.... അല്ല അപ്പൊ ഇത്രയൊക്കെ അവനോട് ചെയ്തിട്ടും അവൻ തിരിച്ചൊന്നും പറയുകയും പ്രതികരിക്കുകയും ഒന്നും ചെയ്തില്ല എന്ന് പറയുമ്പോൾ അവനല്ലേ ദൈവം ...?