ആ മഴക്കാലത്ത്
മണ്ണിന്റെ മണം അന്തരീക്ഷമാകെ നിറഞ്ഞിരുന്നു. അതെ... അതൊരു മഴക്കാലമായിരുന്നു. ദിവസങ്ങളോളം തോരാതെ പെയ്തിരുന്ന മഴയ്ക്ക് അന്നേ ദിവസം ഒരു ശമനമുണ്ടായിരുന്നു.
കാർമേഘങ്ങൾ സൂര്യനുവേണ്ടി വഴി മാറി. വെളിച്ചം വന്നു തുടങ്ങിയതും അടുക്കളയിൽനിന്നും ഒരു വിളിയുയർന്നു.
രാധു ....! ഒരു വെളിച്ചം വന്നിട്ടുണ്ട് ഇപ്പൊ, നീയാ തുണിയൊക്കെയെടുത്ത് ആ വെയിലത്തേക്ക് ഇട്ടേക്ക്.
അതിനു മറുപടിയായി...ആ ഇട്ടേക്കാം, അല്ലമ്മേ...ഇനി വീണ്ടും മഴ ഇപ്പൊ പെയ്യുവോ..? നീ ആദ്യം പറഞ്ഞത് കേൾക്ക് എന്ന് അവിടെ നിന്ന് വീണ്ടും പറഞ്ഞു.
പക്ഷേ മുറ്റത്തൂടെ തളം കെട്ടി നിൽക്കുന്ന മഴവെള്ളത്തിൽ ഒഴുക്കാൻ വേണ്ടി തോണിയുണ്ടാക്കികൊണ്ടിരിക്കുന്ന അവൾക്ക് അവിടെനിന്നെഴുന്നേൽക്കാൻ തോന്നിയില്ല!
അമ്മയും അവളും മാത്രമുണ്ടായിരുന്ന ആ വീട്ടിൽ അവൾക്കുകൂട്ടായി ആ വീടും, അവിടുത്തെ കൊച്ചു കൊച്ചു സന്തോഷങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു.
അടുക്കളയിൽ നിന്നും വീണ്ടും ശബ്ദമുയർന്നു. ഇത്തവണ സ്വരത്തിൽ ലേശം ഗാംഭീര്യം കൂടുതലായിരുന്നു.
ആ വെയിലും, വെട്ടവും എല്ലാം ഇപ്പൊ പോവും, നീ പറഞ്ഞത് കേൾക്കുന്നോ.. അതോ ഞാൻ അങ്ങോട്ട് വരണോ?
ഇനിയും അവിടെയിരുന്നാൽ അടിവാങ്ങും എന്നുറപ്പായപ്പോൾ അവൾ അവിടെ നിന്നെഴുന്നേറ്റ് തുണിയൊക്കെയെടുത്ത് വിരിച്ചുവന്നു. ആകാശത്ത് കാർമേഘങ്ങൾ അടുത്ത മഴക്കുള്ള കോളുമായി ഒരുങ്ങി തുടങ്ങിയിരിക്കുന്നു.
എല്ലാം കഴിഞ്ഞ് വീണ്ടും അവൾ അവളുടെ പണി തുടർന്നു. ചാറ്റൽ മഴ പെയ്തു തുടങ്ങിയതും, അവൾ മനസ്സിൽ ഓർത്തു ഇനിയിപ്പോ വിളി തുടങ്ങുമല്ലോ ദൈവമേ.... തുണിയെടുക്ക് എന്നും പറഞ്ഞ്!
അതുപറയാൻ കാത്തുനിൽക്കാതെ മഴ ആർത്തിരമ്പി പെയ്യാൻതുടങ്ങി. മഴ പെയ്തു തുടങ്ങിയതും അടുക്കളയിൽ നിന്ന് അമ്മ ഓടി വന്നു പറഞ്ഞു തുടങ്ങി, എന്റെ ഈശ്വരാ!.... ആ തുണിയൊക്കെ നനഞ്ഞല്ലോ കഷ്ടമായി പോയി ഇനിയിപ്പോൾ മഴ മാറിയിട്ട് നോക്കാമെന്നും പറഞ്ഞ് അമ്മ അകത്തോട്ടു പോയി. തുണിയെടുക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തിലവളും ഇരുന്നു.
മഴക്കാലത്ത് അവൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നായിരുന്നു തോണിയുണ്ടാക്കുന്നത്. മഴയെന്ന് കേൾക്കുമ്പോൾ തന്നെ രാധുവിന്റെ മനസ്സിൽ ഓടി വരുന്നത്, കടലാസ് തോണിയും, മഴനനയുന്നതിന് അമ്മ അടിക്കാൻ വരുന്നതുമൊക്കെയായിരുന്നു.
ഓടിൻ പുറത്തുനിന്നു താഴേക്ക് വന്നോണ്ടിരിക്കുന്ന മഴവെള്ളം ആ മഴയെ കൂടുതൽ മനോഹരമാക്കിയിരുന്നു.
മഴവെള്ളം റോഡിലൂടെ കുത്തിയൊലിച്ചു വരുന്നത് കണ്ട് കടലാസ് തോണിയുമായി അവളോടി. പതിയെ അതവൾ വെള്ളത്തിലേക്ക് ഒഴുക്കാൻ തുടങ്ങി. ശക്തിയിൽ കുത്തിയൊലിച്ചുവരുന്നതായത് കൊണ്ട് തന്നെ അത് മുങ്ങാൻ തുടങ്ങി. അതവളിൽ സങ്കടമുണ്ടാക്കിയെങ്കിലും, പെട്ടന്ന് അവളുടെ കണ്ണ് നേരെ തിരിഞ്ഞത് മുറ്റത്തേക്കായിരുന്നു.
പിന്നീട് അവളാ കടലാസ് തോണിയുമായി മുറ്റത്തെ തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ വച്ചു കൈകൊണ്ട് തുഴഞ്ഞുകൊടുത്തു...അതവൾ സന്തോഷത്തോടെ നോക്കി നിന്നു.
ആ നേരം അവളറിഞ്ഞിരുന്നില്ല ഇനി ഇതുപോലൊരു കുട്ടികാലം അവൾക്ക് തിരുച്ചുകിട്ടില്ലാ എന്ന്!
ഇന്നവൾ ആ ഉമ്മറപ്പടിയിലിരുന്ന് ആ മുറ്റത്തേക്ക് നോക്കുകയാണ്. ആ മഴയും കടലാസ് തോണിയും, മഴനനയുമ്പോൾ ശകാരിക്കുന്ന അമ്മയും അവൾക്കൊപ്പമില്ല!
മഴക്കാലത്ത് ആ മുറ്റത്ത് നിന്ന് മഴയത്ത് കളിച്ചതും, അമ്മയുടെ അടുക്കളയിൽനിന്നുള്ള വിളിയും, ഓടിൻ പുറത്തു നിന്നും വീണിരുന്ന മഴ വെള്ളവും എല്ലാം അവൾക്കിന്നോരോർമ്മ മാത്രമായിരിക്കുന്നു.
ഇനിയും ആ മഴനനയാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരിക്കൽക്കൂടി ആ കടലാസ് തോണി മുറ്റത്തെ തളം കേട്ടി നിൽക്കുന്ന വെള്ളത്തിൽ ഒഴുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നൊരുനിമിഷം അവൾ ആഗ്രഹിച്ചുപോയി. രാധു ....എന്ന അമ്മയുടെ വിളിക്കുവേണ്ടി കാതോർത്ത് അവൾ ആ മുറ്റത്തേയ്ക്ക് വീണ്ടും നോക്കി. ആ ഓടിൻ പുറത്തുനിന്ന് ഒരിക്കൽക്കൂടി മഴത്തുള്ളികൾ മണ്ണിലേക്കൊഴുകിയിരുന്നെങ്കിൽ...ഇനിയുമാ കുട്ടികാലത്തിലേക്ക് തിരിച്ചു പോകാമായിരുന്നു...