1

ഒരു അട്ടപാടി യാത്ര

ആ കുറ്റാകൂരിരുട്ടിൽ വ്യാളിയെ പോലൊരു രൂപത്തിന്റെ വായ്ക്ക് മുമ്പിൽ അന്തിച്ചു നിൽക്കുമ്പോഴായിരുന്നു കയ്യിൽ കലശലായൊരു  തൊണ്ടൽ അനുഭവപ്പെട്ടത്. തൃശൂർ പാലക്കാട്‌ റൂട്ട് മുതൽ കണ്ണിൽ പെട്ട് തുടങ്ങിയ   മഞ്ഞിൽ മൂടി നിൽക്കുന്ന മല നിരകളുടെ ഏറ്റവും മുകളിൽ എത്തിയതിന്റെ  കൗതുകം അടക്കാൻ വയ്യാതെ  തൊട്ടടുത്തിരുന്ന  ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ രേഷ്മ മിസ്സിന്റെ തൊണ്ടലായിരുന്നു കുറച്ചു മുൻപ് അനുഭവപെട്ടത്. വ്യാളിയെ അവിടെ വിട്ട് ഞാൻ പിന്നെ കാഴ്ചകൾക്ക്‌ പിന്നാലെയായി. സൈലന്റ് വാലിയും  ഒൻപതാം വളവും പിന്നിട്ടപ്പോൾ മുതൽ ആ കെ എസ് ആർ ടി സി ബസിൽ മുഴുവൻ നിറഞ്ഞു നിന്നത് രക്തം മരവിക്കുന്ന ഈ അടുത്ത് നടന്ന സിദ്ധിഖ് കൊലപാതകത്തിന്റെ കഥയായിരുന്നു. വെട്ടി നുറുക്കിയ ശരീരം കണ്ടെത്തിയത് ആ ഹെയർ പിൻ വളവുകളിൽ ഒന്നിൽ നിന്നായിരുന്നല്ലോ. 

വളവുകൾ പിന്നിട്ടത് മുതൽ തമിഴ് നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളെ അനുസ്മരിക്കും വിധമായിരുന്നു ഭൂപ്രകൃതി. തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ കഥകളിൽ നിറഞ്ഞു നിന്നിരുന്ന ഗ്രാമ ഭംഗി ആ യാത്രയിൽ പലപ്പോഴായി അനുഭവപെട്ടു കൊണ്ടിരുന്നു.
ഉച്ച വെയിലിന് കനം കൂടുന്നതിനനുസരിച്ച് വിശപ്പിന്റെ വിളിയും കൂടി കൊണ്ടിരുന്നു. ഏകദേശം 2 മണി പിന്നിട്ടപ്പോഴാണ്  ചേതനയിൽ നിന്ന് ഞങ്ങൾ 8 പേരടങ്ങുന്ന സംഘം ആദി ഓർഗനൈസേഷനിൽ എത്തിയത്. ആദ്യം ഞങ്ങൾ ചെയ്‍തത് വിശപ്പിന്റെ വിളിക്ക് പരിഹാരം കാണലായിരുന്നു. 

അട്ടപാടിയിൽ അധിവസിക്കുന്ന ഗോത്ര വർഗ്ഗ സമൂഹങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആദി ഓർഗനൈസേഷൻ  സംഘടിപ്പിക്കുന്ന  ദേശിയ ആദിവാസി മേളയിലാണ് അട്ടപാടി ക്യാമ്പിന്റെ ആദ്യ ദിവസം ഞങ്ങൾ പങ്കെടുത്തത്. ഉച്ച ഭക്ഷണത്തിനു ശേഷം  ആദിവാസി യുവ ജനതയുടെ ഉന്നത വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ  പങ്കെടുത്തു. ഗുജറാത്തിൽ നിന്ന് എത്തിയ ഗോത്ര വർഗ്ഗ പിന്നോക്ക സമുദായങ്ങൾക്കായി ആ വിഭാഗങ്ങളിൽ നിന്ന്  തന്നെയുള്ള ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ  വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഒരു വിദ്യാർത്ഥി സംഘടനയാണ്  സെമിനാർ നയിച്ചത്.
4 മണിയോട് കൂടി അന്നത്തെ ഫെസ്റ്റ് സമാപിച്ചു. ഞങ്ങൾ ഇന്നേവരെ കാണാത്ത അട്ടപാടിയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൂടെ സായാഹ്ന സവാരിക്കിറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. നൻപകൽ നേരത്ത് മയക്കമെന്ന  മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന് സമാനമായിരുന്നു അട്ടപാടി ഊരുകൾ. കുറച്ചധികം നിമിഷം  അവിടെ ചിലവിട്ടതിനു ശേഷം ഞങ്ങൾ തിരിച്ചു നടന്നു.  ഇരുപ്തി എട്ടാം തിയ്യതി പ്രാതലിനു ശേഷം ഞങ്ങൾ ഫെസ്റ്റ് നടക്കുന്ന വേദിയിൽ എത്തി. കർണ്ണാടക പോലുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഗോത്ര വർഗ്ഗ വിഭാഗങ്ങളുടെ പാരമ്പരാഗത കലാരൂപങ്ങൾ ഫെസ്റ്റിൽ അരങ്ങേറി. ഉച്ചയോട് കൂടി ഞങ്ങൾ ആനവായിലേക്ക് യാത്ര തിരിച്ചു.