നൂറു സിംഹാസനങ്ങൾ (പുസ്തക പരിചയം)
ഞാനൊരു പുസ്തകത്തെ പരിചയപ്പെടുത്തുക എന്നതിനപ്പുറം, ഞാൻ അനുഭവിക്കാത്ത ഒരു മനുഷ്യൻ്റെ അന്ത:സംഘർഷങ്ങളെ ഹൃദയവേദനയോടെ കുറിച്ചിടുന്നു. പ്രസിദ്ധ എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ജയമോഹൻ്റെ നൂറ് സിംഹാസനങ്ങൾ എന്ന നോവലിനെ ആധാരമാക്കിയുള്ള എഴുത്ത്.
മാറ്റിനിർത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിൻ്റെ തീക്ഷ്ണമായ ആവിഷ്കാരമാണ് ഈ നോവൽ. നായാടി വിഭാഗത്തിൽ ജനിച്ചു എന്നതിൻ്റെ പേരിൽ, അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ വേദനകളെ ഹൃദയ നൊമ്പരത്തോടെ അനുവാചകരിൽ എത്തിക്കുമ്പോൾ പല നിമിഷങ്ങളിലും നാം നിശ്ചലമായി പോകുന്നുണ്ട്.
ജോലി സംബന്ധമായ ഇൻറർവ്യൂ നെ അഭിമുഖീകരിക്കുമ്പോഴാണ് ,ആ മനുഷ്യൻ ആ ചോദ്യത്തെ അഭിമുഖീകരിച്ചത്. നിങ്ങളുടെ ജാതി? ഗോത്രവർഗത്തിൽ നായാടിയെന്ന ഉത്തരം, ഇൻറർവ്യൂ ബോർഡിൻ്റെ മറ്റൊരു ചോദ്യത്തിന് തുടക്കം കുറിച്ചു. നിങ്ങൾ മലയിൽ ജീവിക്കുന്നവരാണോ? എന്താണ് നിങ്ങളുടെ പ്രത്യേകത?
സിവിൽ സർവീസിനുള്ള ഇൻ്റർവ്യൂ ആയിരുന്നതുകൊണ്ട് അല്പം വിശദീകരണത്തോടെത്തന്നെ അദ്ദേഹം മറുപടി നൽകി.നായാടികൾ അലഞ്ഞു തിരിയുന്ന കുറവരാണ്. ഞങ്ങളുടെ വിഭാഗത്തെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതു കൊണ്ട് പകൽ വെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശമില്ലാതെ ,ഉയർന്ന ജാതിക്കാരുടെ കല്ലെടുത്തെറിയുന്നതിന് ഞങ്ങൾ വിധേയരാവാറുണ്ട് .രാത്രി പുറത്തേക്കിറങ്ങി ചെറു പ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും.
നായാടി വിഭാഗക്കാർ, മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസത്താൽ മറ്റു ജാതിക്കാർ തവിട് ,എച്ചിൽ ഭക്ഷണം ,ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവ അവരുടെ വീട്ടിൽ നിന്ന് വളരെ അകലെ കൊണ്ടുവയ്ക്കുന്ന പതിവുണ്ടായിരുന്നു.കൈയിൽ കിട്ടുന്ന എന്തും നായാടികൾ തിന്നും. പുഴുക്കൾ ,എലികൾ, ചത്തുപോയ ജീവികൾ എല്ലാം ചുട്ടു തിന്നും. പൊതുവെ കുറിയ കറുത്ത മനുഷ്യരായിരുന്നു അവർ. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ.പഴന്തമിഴായിരുന്നു അവരുടെ ഭാഷ.
ഒരു വിഭാഗം മനുഷ്യരുടെ പ്രതിനിധിയും ഒപ്പം തൻ്റെ നീറുന്ന ബാല്യകാലത്തെ കുടഞ്ഞെറിയാൻ സാധിക്കാതെ പോകുന്ന ഈ മനുഷ്യനിലൂടെ നോവൽ മുന്നോട്ടു പോകുന്നു. മനുഷ്യൻ്റെ ഓർമ്മകൾക്ക് വികാരവുമായിട്ടാണല്ലോ ബന്ധം. അതുകൊണ്ടു ത്തന്നെയാണ് ബാല്യകാലത്ത് നമ്മുടെ മനസ്സിനേറ്റ മുറിവുകൾ , ശരീരത്തിനേറ്റ മുറിവുകളേക്കാൾ ആഴത്തിൽ നില്ക്കുന്നത്.
തൻ്റെ വിഭാഗത്തിൽ നിന്ന്, സാമൂഹ്യ സാംസ്കാരിക തലങ്ങളിലെല്ലാം താൻ ഉയരുമ്പോഴും മറ്റുള്ളവരാൽ മാറ്റി നിർത്തപ്പെടുന്ന അവസ്ഥ അനുഭവിക്കേണ്ടി വരുക.തൻ്റെ മനസ്സിൻ്റെ അസ്വാതന്ത്ര്യത്തിൽ നിന്ന് ഉയർത്തപ്പെടാൻ സാധിക്കാതെ വരിക. ഇതെല്ലാം ഒരു മനുഷ്യനെ സംബന്ധിച്ച് തളർച്ചകൾ തന്നെയാണ്. മനസ്സാകുന്ന വലിയ ശത്രുവിനെ കീഴ്പ്പെടുത്താൻ സാധിക്കുന്നവരാണ് ഭാഗ്യവാന്മാർ എന്ന ആശാൻ വരികൾ കൂടുതൽ വ്യാപ്തിയിൽ ഉൾക്കൊള്ളാൻ ഈ നോവലിലൂടെ എനിക്കു സാധിച്ചു.ഈ നോവലിനെ പാർശ്വവല്ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൻ്റെ വേദനയിലൂടെയും ഒപ്പം തൻ്റെ വേദനകളിൽ നിന്ന് മുക്തമാകാൻ സാധിക്കാത്ത ഒരുവൻ്റെ ചിന്താധാരയിലൂടെയും സഞ്ചരിക്കാൻ കഴിഞ്ഞു.