1

ഇരുട്ടും ആത്മാവൂം

ആരെങ്കിലും ആത്മാക്കളോട് സംസാരിച്ചിട്ടുണ്ടോ? അപൂർവ്വം ഉണ്ടായിരിക്കാം. ഞാൻ സംസാരിച്ചിട്ടുണ്ട്. രാത്രി പലർക്കും പല ഭാവങ്ങൾ ആയിരിക്കും. ചിലർക്ക് രാത്രി പ്രണയമാകാം, ചിലർക്ക് ഒരു നല്ല സുഹൃത്താവാം, ചിലർക്ക് ദുഃഖമാകാം, സ്നേഹമാകാം ചിലർക്ക് ശത്രുവാകം. കാരണം രാത്രി അത് പലർക്കും വ്യത്യസ്തമായ വികാരങ്ങളാണ് നൽകുന്നത്. രാത്രി പൂർണചന്ദ്രന്റെ പ്രകാശം നിറഞ്ഞ ഇരുട്ടായി മാറുന്നു ചില സമയത്ത് പ്രകൃതിയുടെയും ആകാശത്തിന്റെയും കറുത്ത വസ്ത്രം അണിഞ്ഞ ഇരുട്ടായി മാറുന്നു.

ഇരുട്ട് എനിക്ക് നല്ലൊരു സുഹൃത്താണ്. എൻറെ എല്ലാ ദുഃഖങ്ങൾക്കും സന്തോഷങ്ങൾക്കും സാക്ഷിയാകുന്ന ഒരേ ഒരാൾ ഇരുട്ടാണ്. ആ ഇരുട്ടിലൂടെ ഞാൻ കുറെ അവ്യക്തമായ പ്രതിരൂപങ്ങൾ എൻറെ മുറിക്കുള്ളിൽ കണ്ടിട്ടുണ്ട്. ജീവിതം പൂർണ്ണമാക്കാൻ കഴിയാതെ ജീവിതം എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയ ശരീരമില്ലാത്ത ആത്മാക്കൾ മാത്രമായി നടക്കുന്ന കുറെ പ്രതിരൂപങ്ങൾ. അവർ ചിലപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരോ അല്ലെങ്കിൽ എന്നെ പരിചയം ഉള്ളവരോ അല്ലെങ്കിൽ എവിടെയെങ്കിലും പരിചയപ്പെടാൻ സാധിക്കാതെ കണ്ണിലൂടെ മൺമറഞ്ഞുപോയവരോ ആവാം. എനിക്ക് അവരെ കണ്ടപ്പോൾ ഭയം തോന്നിയോ എന്നറിയില്ല. പക്ഷേ എന്തോ ഒരു അത്ഭുതം തോന്നിയിരുന്നു. കാരണം എന്തെന്നാൽ യാദൃശ്ചികപരമായ ഒരു കാഴ്ച പെട്ടെന്ന് എന്റെ മനസ്സിലൂടെ കടന്നുപോയി, ഷോക്കടിച്ച പോലെ തോന്നി. അവരെന്നെ ആക്രമിക്കാൻ ശ്രമിച്ചതു പോലെ എനിക്ക് അനുഭവപ്പെട്ടു. ഞാൻ അപ്പോൾ ചിന്തിച്ചു ഒരു മനുഷ്യൻ മരിക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുന്നത്....

എൻറെ മുന്നിലൂടെ പാഞ്ഞുനടക്കുന്ന ആത്മാക്കളോട് കൂട്ടുകൂടാൻ ഞാൻ ശ്രമിച്ചു. അവരോട് ഞാൻ സംസാരിച്ചു. അവരെന്നെ ശ്രദ്ധിച്ചു കേട്ടിരുന്നു. എനിക്ക് അവരെ ഇഷ്ടമായി. ഞാൻ അവരുമായി വളരെ അടുത്തു. ആ ആത്മാക്കൾ എന്റെ നല്ല സുഹൃത്തുക്കളും കാവൽക്കാരുമായി. അവർ എന്നോട് ബന്ധപെടാൻ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് പക്ഷേ അവരുമായി നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു. അവരോട് ഞാൻ ഒത്തിരി ഒത്തിരി സംസാരിച്ചു. അവരുടെ ചെറിയ സാമീപ്യം പോലും തിരിച്ചറിയാൻ എനിക്ക് സാധിച്ചു. അങ്ങനെ അടുത്ത കുറച്ചു ദിവസങ്ങളിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി.

പക്ഷേ പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ഞാൻ അവരെ കണ്ടിട്ടില്ല. ഞാൻ അവരെ അന്വേഷിച്ചു, പക്ഷേ എനിക്ക് അവരെ കാണാൻ സാധിച്ചില്ല. പിന്നെ അവരെ ഞാൻ കണ്ടിട്ടേയില്ല. അവർ എങ്ങോ പോയ്‌ മറഞ്ഞു. അതോ അവരെന്റെ അടുത്തേക്ക് വന്നിരുന്നില്ലേ? എന്റെ തോന്നലായിരുന്നോ? ഏതായാലും വീണ്ടും എൻറെ ഇരുട്ട് നിറഞ്ഞ മുറിയിൽ ഞാൻ ഒറ്റയ്ക്ക്..