സ്ത്രീ
ഇന്ന് കോളേജിലേക്കുള്ള എന്റെ യാത്ര സ്കൂട്ടർന്റെ പുറകിൽ ഇരുന്നായിരുന്നു. ഈ ടു വീലറിന്റെ പുറകിൽ ഇരുന്നുഉള്ള യാത്ര എനിക്ക് വളരെ സന്തോഷം തരുന്നതാണ്... ടു വീലറിൽ യാത്ര ചെയ്യാൻ ഒട്ടും അനുയോജ്യമല്ലാത്ത കാലാവസ്ഥയാണിപ്പോൾ. സമയം രാവിലെ ഒൻപത് ആകുന്നെയുള്ളൂ. അതിന് മുൻപേ വെയിൽ മനുഷ്യന് മുകളിൽ സംഹാരതാണ്ഡവം നടത്താൻ തുടങ്ങിയിരിക്കുന്നു.
ശരീരം മാത്രമല്ല രക്തം പോലും ചൂടിൽ തിളക്കുന്നു ( രക്തം തിളക്കുക.. എന്നത്.. ഇങ്ങനെയൊക്കെ ആകുമല്ലേ?) തലയിൽനിന്നും വിയർപ്പ് ചാലിട്ടൊഴുകുന്നു. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വിയർപ്പൊഴുകുന്നു. അന്തരീക്ഷത്തിലെ ഒരു കോണിലേക്കും കണ്ണുകൾ തുറക്കാൻ വയ്യ. ഈ അവസ്ഥയിൽ എങ്ങിനെയെങ്കിലും കോളേജ് എത്തിയാൽ മതി എന്ന ചിന്തയിലായിരുന്നു ഞാൻ.
വെയിലിനെ ശപിച്ചു കൊണ്ടിരിക്കുകയായിരുന്ന എന്റെ കണ്ണിന്റെ കാഴ്ചവെട്ടത്തിലേക്ക് രക്തത്തെ തണുപ്പിച്ചുകൊണ്ടൊരു ചിത്രം തെളിഞ്ഞു വന്നു. അധികം യാത്രക്കാരില്ലാത്ത ആ നാട്ട് വഴിയിലൂടെ ഒരു കൈവണ്ടി വരുന്നു. ഒന്നുകൂടി ദൃശ്യം തെളിവായി വരുമ്പോൾ...
ഒരു സ്ത്രീ......
വീണ്ടും മിഴിവ് കൂടുമ്പോൾ.. ഒരു കുഞ്ഞിനെ ഒക്കത്തേന്തിയ സ്ത്രീ.
അടുത്തെത്തിയപ്പോൾ കണ്ടു കറുപ്പിന് ഏഴഴകെന്ന് തോന്നിപോകും വിധം സുന്ദരിയായ ഒരു അമ്മയും കുഞ്ഞും. സ്വന്തം കുഞ്ഞിനെ ഒക്കത്തു വെച്ച് ഒരു കൈ കൊണ്ട് കുഞ്ഞിനെ ചേർത്ത് പിടിച്ച് സാരിയുടെ തലപ്പ് കൊണ്ട് കുഞ്ഞിനെ വെയിലിൽ നിന്നും സംരക്ഷിക്കാൻ വൃഥാ ശ്രമം നടത്തി മറ്റേ കൈ കൊണ്ട് അത് വരെ കിട്ടിയ ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിച്ചെടുത്ത് നിറഞ്ഞ വണ്ടി അരക്കെട്ടിനോട് ചേർത്ത് ബന്ധിച്ച ആ വണ്ടിയും വലിച്ചുവരുന്ന സ്ത്രീരൂപം...
വേയിലിനെ നിലാവാക്കി കുഞ്ഞിനോട് ചിരിച്ച് സംസാരിച്ച് നടക്കുന്ന ആ അമ്മയെന്ന സ്ത്രീയെ കണ്ടപ്പോൾ ഞാൻ ആകാശത്തേക്ക് നോക്കി... കത്തി നിൽക്കുന്ന വെയിലിൽ ഒന്നും കാണുന്നില്ലെങ്കിലും ... ഞാൻ ഒന്നു പുഞ്ചിരിച്ചു... നമ്മളെ തോൽപ്പിച്ചു കൊണ്ടിരിക്കുന്നവരെ... വേറൊരാൾ.. തോല്പിക്കുമ്പോൾ ഉണ്ടാകുന്ന..ഗൂഢമായ ആൽമസംത്രിപ്തിയോടെ..ഹേ പ്രപഞ്ച ശക്തി... നിസാരയായ ഞങ്ങളെ തോല്പിക്കുന്ന നിനക്ക്.. ഒരു തവണ ഇവരെ ഒന്നു തോൽപ്പിക്കാമോ??
എന്റെ വെല്ലുവിളിയിൽ.. മങ്ങി പോകുന്ന സൂര്യമുഖം.. ഞാൻ അപ്പോൾ കാണുന്നുണ്ടായിരുന്നു.
ആ ചിത്രം മായുന്നില്ല.. ഞാൻ കൊണ്ടതൊന്നും വെയിലായിരുന്നില്ല.