മധുരം
വേനലവധിക്കുശേഷം തിരികെ സ്കൂളിലേക്കെത്തുന്ന കുട്ടികൾക്ക് അവരുടെ ടീച്ചേഴ്സ് നൽകുന്ന ആദ്യ എഴുത്തുപരുപാടി അവരുടെ അവധി ദിനങ്ങൾ വർണ്ണിക്കുക എന്നതാണ്. അവധിയുടെ രുചിമാറാതെ ക്ലാസ്‌മുറികളിലേക്കെത്തുന്ന കുരുന്നുകൾ ഒരുപേജിൽ കവിയാതെ അവ വർണിക്കുന്നതിനപ്പുറം അതു പേപ്പറുകളിലേക്കാക്കുമ്പോഴേക്കും, അതിരാവിലെ തമ്മിൽ കലഹിക്കയാണോ അട്ടഹസിക്കയാണോ എന്നുപോലും അറിയാത്ത കുരുവികളെന്നപോലെ അവരുടെ ശബ്ദം ക്ലാസ് മുറികളിൽ ഉയരുന്നതും കാലങ്ങൾക്കിപ്പുറം എന്റെ കാതുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു. ഇനി ഒരിക്കൽക്കൂടി എന്ന ചിന്ത എപ്പോഴൊക്കെയോ എത്തിനോക്കി പോവുന്നു. തിരിച്ചു പോവാനാവാത്ത കാലത്തെക്കുറിച്ചുള്ള വിരഹവുമാവാം ആ അധ്യാപകരും അന്ന് ആ കുറിപ്പുകൾ വാങ്ങി വായിക്കാൻ തിടുക്കം കൂട്ടിച്ചതും. ഓർമ്മകളിലേക്കുള്ള ഒരു യാത്ര എന്നപോലെ ചിലമുഖങ്ങൾ, നിമിഷങ്ങൾ മറക്കാതിരിക്കാൻ മനസ്സ് കണ്ട കുറുക്കുവഴികൾ പോലെ.
മുറിക്കുള്ളിലെ കറങ്ങുന്ന മൂന്നു കാലുകൾക്കടിയിൽ തണുപ്പ് നുണഞ്ഞു നേരത്തിന്റെ ഓരോ ചലനവും എണ്ണി നാം ദിവസങ്ങൾ തള്ളിനീക്കുമ്പോൾ, പുലരിവെയിലിന്റെ തലോടൽ മുതൽ രാവുറങ്ങുന്ന മൂകതവരേയ്ക്കും പാടത്തും മാങ്കൊമ്പിലും മാമ്പഴത്തിന്റെ മധുരവും പുളിപ്പും രുചിച്ച ദിവസങ്ങളെങ്ങനിത്ര വേഗം മാഞ്ഞുപോയെന്നറിയാത്ത നാളുകളും ഉണ്ടായിരുന്നു. ഇവയെല്ലാം വന്നെത്തിനോക്കി പോവുന്ന ഓർമകളുടെ കുമിളകൾ പോലെ പൊട്ടി പോവുന്നു. അപ്പോഴേക്കും വർധക്യത്തിന്റെ നിഴൽ പ്രകടമായ ജീവിതവും ഒരു തോരാ മഴപോലെ പെയ്തിറങ്ങിയിട്ടുണ്ടാവും. വർധക്യമാവുംമുന്നേ നാം കിടപ്പിലാവുകയാണോ എന്ന തോന്നലുകളും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. എല്ലാവരും ആവർത്തിക്കുന്നപോലെ ഈ ജീവിതം എത്ര ചെറുതാണ്. കുട്ടികളുടെ ലോകത്തേക്ക് നോക്കുമ്പോൾ നാം അറിയാതെ പുഞ്ചിരിക്കുന്നതും, അവരിൽ മതിമറക്കുന്നതുമെല്ലാം അവരിലെവിടെയോ നാമായിരുന്ന ചിലപ്പോൾ നാം ഇന്നും ആവാൻ ആഗ്രഹിക്കുന്ന നമ്മെ തന്നെ കാണുന്നതുകൊണ്ടാവാം.
വേനലെപ്പോഴൊക്കെയോ ഒരു തിരിച്ചുപോകലാണ്. വസന്തത്തിന്റെയും മഴയുടെയുമെല്ലാം ആരംഭത്തിലേക്ക്. എന്തിനുമുള്ള തയ്യാറെടുപ്പുകൾ പോലെ. വേനലിന് ചൂടാണന്ന് അറിഞ്ഞതുമുതൽ വേനലവധികളും ഒരു മധുരമുള്ള കാലവും എന്റെ ഓർമകളിലെ ചാരക്കൂട്ടിലെവിടെയോ മറഞ്ഞുപോയോ എന്നു തോന്നുന്നു. ചൂടുള്ള ഭക്ഷണത്തിന്റെ രുചി അത് ആറിയാൽ ആസ്വദിക്കാനാവില്ല എന്ന സത്യം നാം ഇന്നു മനസ്സിലാക്കുമ്പോളും ചൂടുള്ള ആ വേനലിന്റെ മധുരത്തെ മനഃപൂർവം രുചിക്കാത്തതാണോ എന്നും എനിക്ക് വേർതിരിച്ചെടുക്കാനാവുന്നില്ല. ഒരു വേനലിനിയെനിക്കായി വന്നിരുന്നു എങ്കിലെന്നും, എന്റെ നാവിനിനിയും ചൂടിന്റെ മധുരം രുചിക്കാനായി ഒരു കുമ്പിൾ നിറയെ ഓർമ്മകൾ സേവിക്കാനായി കാലമെന്നേ തിരികേ വിളിച്ചിരുന്നുവെങ്കിലെന്നും എന്റെ സ്വപ്നങ്ങളിൽ ഞാനാശിക്കാറുണ്ടാവാം.
വളർന്നിറങ്ങിയ രോമങ്ങളും അതിൽ പെയ്ത നരയും ഒരു ഭാരമാവുന്നതുപോലെ തോന്നില്ലായിരുന്നു ചില സ്വപ്‌നങ്ങൾ ചില വേനലുകൾ നിലനിന്നിരുന്നുവെങ്കിൽ.