ശുദ്ധൻ
അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും എതിർത്തുകൊണ്ടാണ് ഞാൻ എന്നിലെ ശുദ്ധനെ കണ്ടെത്തിയത്. കുടുംബക്ഷേത്രത്തിലെ കോഴിയറക്കൽ അനാചാരത്തിന് ഒറ്റയാൾ പോരാട്ടം നടത്തി ഞാൻ വിജയശ്രീലാളിതനായി. അങ്ങനെ ലോകത്തിലെ സകല ജീവജാലങ്ങളോടുള്ള എൻ്റെ കരുണ, സ്വയം ബോധ്യപ്പെടുത്തുകയും അതിനേക്കാൾ ഊക്കോടെ മറ്റുള്ളവരെ ബോധിപ്പിക്കുകയും ചെയ്തു. അതിൻ്റെ സന്തോഷം സ്വയമനുഭവിച്ചത്, ചിക്കൻ സെൻ്ററിൽ നിന്ന് മുഴുത്ത കോഴിയെ വാങ്ങി കറിവച്ചാണ്.
പിറ്റേ ദിവസം പത്രവായനയിൽ ,അച്ഛൻ നാലുവയസ്സുള്ള മകനെ അതിഭീകരമായി മർദ്ധിച്ചതിൻ്റെ വാർത്ത എന്നെ നൊമ്പരപ്പെടുത്തുകയും, ആ അച്ഛനെ കൊല്ലാനുള്ള ദേഷ്യം എന്നിൽ ഉണരുകയും ചെയ്തു.പെട്ടെന്നാണ് ഒന്നാം ക്ലാസിൽ പഠിക്കുന്ന തൻ്റെ മകൻ്റെ പ്രോഗ്രസ്സ് റിപ്പോർട്ട് ഒപ്പുവെയ്ക്കാൻ ചെല്ലേണ്ട ദിവസം അന്നാണെന്നോർത്തത്. മകനെ വാരിപ്പുണർന്ന് ചുംബനവും നൽകി സ്കൂളിലേക്ക് യാത്ര തിരിച്ചു. പ്രോഗ്രസ്സ് റിപ്പോർട്ടിൽ കണക്കിലെ പച്ചമഷി എന്നിലെ പിതൃത്വത്തെ ചൊടിപ്പിച്ചു. പഠിപ്പിനേക്കാൾ മീതെ ഒന്നുമില്ലായെന്ന് നിരന്തരം അവനെ ബോധ്യപ്പെടുത്തീട്ടും മനസ്സിലാക്കാത്തവനെ ഞാൻ ബോധ്യപ്പെടുത്തിയത് കരണത്തടിച്ചായിരുന്നു.എൻ്റെ ഒറ്റയടിയിൽ രാവിലത്തെ പത്രത്തിലേക്കാണവൻ വീണത്.
ഇന്നത്തെ തലമുറയുടെ ദയാദാക്ഷിണ്യക്കഥ വലിയമ്മയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തത് ,അച്ഛനെ മകൻ വെട്ടിക്കൊന്നുവെന്ന ടി.വി വാർത്തയിലൂടെയാണ്. ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന പോത്തെറിച്ചി ,പഴയ താണെന്ന് ഉദാഹരണ സഹിതം വിലയിരുത്താൻ എനിക്ക് സാധിച്ചത് ചോര വറ്റിയ അതിൻ്റെ മാംസം നോക്കിയാണ്.
( ഗുണപാഠം മറ്റുള്ളവർ അറിയാൻ - ഞാൻ ശുദ്ധനും കരുണയുള്ളവനും ഉത്തരവാദിത്വമുള്ളവനും അതിനപ്പുറം മനുഷ്യത്വമുള്ളവനാണെന്നും സ്വയം രേഖപ്പെടുത്തുന്നു.)