എഴുന്നള്ളിപ്പ്
കഴിഞ്ഞ ദിവസം തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ പോകാനിടയായി. അവിടെ കണ്ടൊരു കാഴ്ച എന്നെ വല്ലാതെ ചിന്തിപ്പിക്കുകയും മനസ്സിൽ കിടന്ന് അലട്ടുകയും ചെയ്തു. കാഴ്ച എന്താന്നു വെച്ചാൽ... ഇത് എല്ലാ ക്ഷേത്രങ്ങളിലും നടത്തുന്നതാണ് പക്ഷേ എനിക്ക് ഇതിനെ പറ്റി അത്ര വലിയ അറിവോന്നും ഇല്ലാതാനും. എന്താന്നു വെച്ചാൽ കോവിലിൽ നിന്നും ദൈവ വിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ച് പ്രദക്ഷിണം വയ്ക്കുന്നു. ഇത് ലോകത്തുള്ള മിക്ക ക്ഷേത്രങ്ങളിലോ അല്ലെങ്കിൽ മറ്റു മതങ്ങളിലെ ആരാധനാലയങ്ങളിലോ നടത്തുന്ന എന്തെങ്കിലും ആചാരത്തിന്റെയോ അനുഷ്ഠാന രീതികളുടെയോ ഭാഗമാകാം. എന്തുതന്നെ ആയാലും ചില ക്ഷേത്രങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് ആനകളെ ഉപയോഗിച്ചു കൊണ്ടാണ്. എന്തിനു വേണ്ടി? ഭക്തജനങ്ങൾക്ക് എല്ലാവർക്കും മുകളിൽ നിന്ന് വ്യക്തമായി കാണാൻ എന്ന് പേരിൽ! (പണ്ട് ജാതി അയിത്തം ഉള്ളതിനാൽ ക്ഷേത്രങ്ങളിൽ പോയി എല്ലാവർക്കും ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചിരുന്നില്ലല്ലോ അതിനു പരിഹാരമായിട്ട് ഉണ്ടാക്കിയ സമ്പ്രദായം ആണല്ലോ ഈ ആനപ്പുറത്ത് ദൈവത്തെ എഴുന്നള്ളിക്കൽ. പീന്നിട് ഇതൊക്കെ ഉത്സവമായി ആഘോഷിച്ചു തുടങ്ങി) ഇവിടെയും അങ്ങനെ നടത്താറുണ്ട്. പക്ഷേ അന്ന് ഞാൻ പോയ ദിവസം (ഞാൻ പോകണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചിട്ട് പോയതല്ല അപ്രതീക്ഷിതമായി അങ്ങനത്തൊരു സാഹചര്യം കടന്നുവന്നതാണ്) ഈ സംഭവം നടക്കുന്ന ഏകദേശ സമയത്താണ് ഞാനും എന്റെ അമ്മയും എത്തിയത്. അമ്മയുടെ തൊഴലൊക്കെ കഴിഞ്ഞ് വളരെ കുറഞ്ഞ സമയത്തിനു ശേഷമാണ് ഇതു നടക്കുന്നത്. എന്റെ ആലോചന ഇതും ആനപ്പുറത്തായിരിക്കും നടക്കുക എന്നാണ്. പക്ഷേ അന്ന് ആ കാഴ്ച എന്നെ വളരെയധികം ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും മറ്റൊരു കാര്യത്തിലേക്ക് ചിന്ത പോവുകയും ചെയ്തു. അന്ന് ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ചത് "പൂജാരിയുടെ കൈകളിൽ വെച്ചാണ്" ഇത് മിക്ക ക്ഷേത്രങ്ങളിലും ആനയെ ഉപയോഗിച്ചും ഉപയോഗിക്കാതെയും പല രീതികളിൽ നടത്തുന്നുണ്ട്. കെകളിൽ വച്ചു നടക്കാവുന്ന ഈ വിഗ്രഹമാണ് ആനയുടെ തലയേക്കാൾ ഭാരമുള്ള കോലവും വിഗ്രഹവും മൂന്ന് നാല് ആളുകളും കയറി അമ്പലനട മുഴുവൻ 3 തവണ ചുറ്റിച്ച് ചെയ്യുന്നത്. മനുഷ്യൻറെ കൈകളിൽ വെച്ച് ചെയ്യാവുന്ന ഈ കാര്യത്തിനു എന്തിനു ആനകളെ ഉപയോഗിക്കുന്നു? അല്ലാതെ എഴുന്നള്ളിച്ചാലും അവിടെ ഉള്ള എല്ലാവർക്കും സുഖമായി എല്ലാം കാണാം. ഇനി അങ്ങനെ ഉയരത്തിൽ നിർത്തി തന്നെ ചടങ്ങുകൾ ചെയ്യണം എന്നുണ്ടെങ്കിൽ അത് ആനപ്പുറത്ത് തന്നെ വേണമെന്നുണ്ടോ? അതിനു എത്ര പോംവഴികളുണ്ടാകാം. അതൊന്നും എന്തുകൊണ്ട് ഈ ഭക്തിയുടെ നിറകുടങ്ങളും ആനപ്രേമികളും ശ്രദ്ധിക്കുന്നില്ല? എന്തുകൊണ്ട് ആർക്കും ബുദ്ധിമുട്ടുകൾ ഇല്ലാത്ത രീതികളെ സ്വീകരിക്കാൻ തയ്യാറാകുന്നില്ല?എന്തുകൊണ്ട് ആധുനിക രീതികളെ പ്രോത്സാഹിപ്പിക്കുന്നില്ല? ഇത്തരത്തിൽ മാറ്റാങ്ങളെ പറ്റി ചിന്തിക്കുന്നില്ല?
[NB : ഇവിടെ ഞാൻ ഏതായാലും മതത്തെയോ ആചാരങ്ങളെയോ മറ്റൊന്നിനെയും ചോദ്യം ചെയ്യുകയോ ഒന്നുമല്ല എൻ്റെ മനസ്സിൽ തോന്നിയ ഒരു ആശയം കുഴപ്പം പങ്കുവെച്ചെന്നു മാത്രം.]