1

മഴയും വെയിലും

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ് നമ്മളെല്ലാവരും. മാറിവരുന്ന കാലാവസ്ഥകൾക്കനുസരിച്ച് പ്രകൃതിയിൽ ഓരോ മാറ്റങ്ങൾ സംഭവിക്കുന്നു. മഴയും വെയിലും പ്രകൃതിയിലെ രണ്ടു പ്രതിഭാസങ്ങളാണ്. എന്നാൽ അവ പ്രകൃതി പ്രതിഭാസങ്ങൾക്കപ്പുറം മനുഷ്യവികാരങ്ങളെ ഉണർത്താൻ കഴിയുന്ന ശക്തമായ മനോഭാവങ്ങളാണ്. പലപ്പോഴും മനുഷ്യൻ തന്റെ വികാരങ്ങളെ പ്രകൃതിയിലാണ് പ്രകടിപ്പിക്കാറുള്ളത്. നിർത്താതെ പെയ്യുന്ന മഴ ഒരു വ്യക്തിയിൽ ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും ആത്മനിർവൃദ്ധിയുടെയും പ്രണയ സാക്ഷാത്കാരത്തിന്റെയും വികാരമാണ് ഉണർത്തുന്നതെങ്കിൽ മറ്റൊരുവന് ഒറ്റപ്പെടലിന്റെയും തീരാദുഃഖത്തിന്റെയും ആർത്തലയ്ക്കലാണ്. മഴയുടെ സുഹൃത്തും പ്രണയിനിയുമാണ് വെയിൽ. പലപ്പോഴും കവിഹൃദയങ്ങളെ ഇവ രണ്ടും മനുഷ്യവികാരങ്ങളുടെ പല മേഖലകളിലേക്കും കൊണ്ടുപോകുന്നുണ്ട്. വെയിലിന്റെ ശക്തമായ വെളിച്ചം തളർന്നുപോയ പലതിനെയും ഉണർത്താൻ കഴിയുന്ന ഊർജ്ജമാണ്. പുതിയ അറിവുകളുടെ ശക്തമായ ഒഴുക്കിനും മുന്നോട്ടുള്ള പുതിയ ജീവിത പാതകൾക്കും ഈ വെളിച്ചം വഴിതെളിക്കും. എന്നാൽ ഇതേ ഊർജ്ജം തന്നെ ചില മനുഷ്യരെ തളർത്തും. ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന മഴയും വെയിലും ഓരോ മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും ഇത്തരം പല ഇടപെടലുകളും നടത്തുന്നുണ്ട്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഇവയ്ക്കെല്ലാം പകരം വയ്ക്കാൻ മറ്റൊന്നിനും ആകില്ല.