കള്ളകുറുക്കന്റെ കല്യാണം
ഉമ്മറത്തിണ്ണയിൽ ചുമ്മായിരിക്കുമ്പോഴാണ് മുറ്റത്തു ഉദിച്ചു നിൽക്കുന്ന വെയിലിന് ഒരു മുന്നറിയിപ്പും കൊടുക്കാതെ പെയ്തിറങ്ങുന്ന മഴ എന്റെ ശ്രദ്ധയിൽ പെട്ടത്! ആ സമയത്ത് ഉള്ളിൽ നിന്നാരോ, "വെയിലും മഴയും.. കള്ള കുറുക്കന്റെ കല്യാണമാ മക്കളെ.." എന്ന് പറയുന്നതു പോലെ എനിക്ക് തോന്നി. (ആര്? പറയാൻ?അതും..എന്നോട് )
അതെ, അങ്ങിനെ ഒന്ന് കേൾക്കാനും ആരോടങ്കിലും അങ്ങിനെ ഒന്ന് പറഞ്ഞ് പറ്റിക്കാനും എനിക്കിന്ന് എന്റെ ചുറ്റും ആരും ഇല്ല, എന്നെ മുന്നോട്ടു നയിക്കുന്ന കുറച്ച് ഓർമ്മകളല്ലാതെ..!! ഇത്തരം കാഴ്ചകൾ ചിലപ്പോഴൊക്കെ നമ്മുടെ ഓർമകളെ കൊണ്ട് നമ്മളെ തട്ടി ഉണർത്തിപ്പിക്കാറുണ്ട്. നമ്മുടെ തന്നെ കുട്ടിക്കാലത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകാൻ വേണ്ടി മാത്രം.
ഓണത്തിന് ലഭിക്കുന്ന സ്കൂൾ അവധി ഞങ്ങൾ കുട്ടികൾക്ക് ആഘോഷമായിരുന്നു. അന്നാണ് ഞങ്ങളെല്ലാം അമ്മാവന്റെ വീട്ടിൽ ഒത്തു കൂടുക. അന്ന് ഞങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ആ ഒത്തുകൂടൽ തന്നെ യായിരുന്നു ഓണാഘോഷം. ഞൊണ്ടി കളി, മാസ്കളി, ഒളിച്ചു കളി, അങ്ങിനെ കളിയുടെ ഒരു നീണ്ട നിര തന്നെ ഞങ്ങൾക്കുണ്ട്. അയല്പക്കത്തെ കുട്ടികൾ അടക്കം ഒരു കുട്ടി പട്ടാളവും. കളിയുടെ ആ ആഘോഷം അരങ്ങേറിയാൽ പിന്നെ കുട്ടികളായ ഞങ്ങൾക്ക് ചോറും, കറിയും, വെള്ളവും ഒന്നും വേണ്ടാതെ ആകും. കളി മാത്രമാകും മനസ്സിൽ. എന്നാൽ നല്ലവെയിലത്തു കളിച്ചു വിയർത്തു തളർന്നിരിക്കുമ്പോൾ ഒരു ഇടവേള തരാൻ വേണ്ടി മാത്രം ഒരുമുന്നറിയിപ്പും ഇല്ലാതെ വരുന്ന മഴയും ഞങ്ങൾക്ക് ആഘോഷം തന്നെ ആയിരുന്നെങ്കിലും ഇത് ഞങ്ങൾ കുട്ടികളിൽ നിരാശ നിറക്കുമായിരുന്നു. കാരണം വെയിൽ ഉണ്ടെങ്കിലും മഴ വന്നു എന്ന് പറഞ്ഞ് മുതിർന്നവർ ഞങ്ങളെ കളിക്കാൻ അനുവദിക്കാത്തതിലുള്ള നിരാശയും മുഖത്തു നിറച്ച് ഏതെങ്കിലും വീടിന്റെ ഉമ്മറ കോലായിലേക്ക് ഓടിക്കയറിനിൽക്കുന്ന ഞങ്ങളോട് ഞങ്ങളുടെ വിഷമം മനസിലാക്കിയപോലെ ഞങ്ങളുടെ മുത്തശ്ശി പറയുമായിരുന്നു "ഇത് കള്ള കുറുക്കന്റെ കല്യാണമാ മക്കളെ ഇപ്പോൾ തീരും. അപ്പോൾ കളിക്കാട്ടോ" അപ്പോൾ ഞങ്ങൾ ആശ്വാസത്തോടെ മഴ തീരുന്നതും നോക്കി ഉമ്മറത്തിണ്ണയിൽ ഇരിക്കും. എല്ലാവരും ചേർന്ന് ഒരു വീടിന്റെ ഉമ്മറ തിണ്ണയിലായിരിക്കും ആ ഇരിപ്പ്.
ഇന്നും മഴയും വെയിലും ഒന്നിച്ചു വന്നു കാണുമ്പോൾ ഞാൻ കൂടെ കളിച്ച കൂട്ടുകാരെ ഓർക്കും. ഓടി കൂടിയിരുന്ന വീടിന്റെ ഉമ്മറങ്ങൾ ഓർക്കും. ഞങ്ങളുടെ എല്ലാമായ മുത്തശ്ശിമാരെ ഓർക്കും. മിത്തുകളുടെ കൂമ്പരമായിരുന്നു അന്നത്തെ മുത്തശ്ശിമാർ.കാക്ക കരയുന്നത് കേട്ടാൽ അതിന്റെ ശബ്ദത്തിന്റെ ദിക്ക് ശ്രദ്ധിച്ച് അകത്തേക്ക് നോക്കി എന്റെ മുത്തശ്ശിയുടെ ഒരു പറച്ചിലുണ്ട് "രാധേ.. നീ ആ കറിയിൽ ഇച്ചിരി തേങ്ങ കൂടി അരച്ച് ചേർത്ത് വെച്ചോളൂ.. ഊണിനു ആരെങ്കിലും കാണാതിരിക്കില്ല." ആദ്യമൊക്കെ എനിക്കിതു കൗതുകം ആയിരുന്നു പക്ഷെ പിന്നെ പിന്നെ മുത്തശ്ശിയുടെ ആ പ്രവചനം തെറ്റുന്നില്ല എന്ന് കണ്ടപ്പോൾ മുതൽ ഒരിക്കലെങ്കിലും അതൊന്നു തെറ്റി കാണാനും അങ്ങിനെ മുത്തശ്ശിയെ ഒന്ന് കളിയാക്കാനും എന്റെ കുഞ്ഞ് മനസ്സ് വല്ലാതെ മോഹിച്ചിരുന്നു.
അതുകൊണ്ട് തന്നെ മുത്തശ്ശിയിൽ നിന്നും ഈ പ്രവചനം ഉണ്ടായാൽ അന്ന്, ആ ദിവസം മുഴുവൻ പടിക്കലേക്കു കണ്ണും നട്ടിരിക്കുക എന്നത് എന്റെ പതിവാണ്. എന്നാൽ വീട്ടിലേക്കു കയറി വരുന്ന അമാവാൻമാരെയോ അമ്മായി മാരെയോ അങ്ങിനെ ഏതെങ്കിലും ബന്ധുമിത്രാതികളെയോ കണ്ട് ഞാൻ അമ്മേ എന്നും പറഞ്ഞ് അടുക്കളയിലേക്ക് തിരിഞ്ഞോടുന്നതോടെ മുത്തശ്ശിയെ തോൽപിക്കാനുള്ള എന്റെ അന്നത്തെ കാത്തിരിപ്പിന് വിരാമമാകും.
എന്നാൽ പിന്നെയും ഞാൻ കാത്തിരിക്കും അടുത്ത ഊഴത്തിലെങ്കിലും എന്റെ മുത്തശ്ശിയെ എനിക്ക് തോൽപ്പിക്കാൻ കഴിയും എന്ന ചിന്തയോടെ. എന്നാൽ മുത്തശ്ശി ഞങ്ങളെ വിട്ടു പോകും വരെ ഈ കാര്യത്തിൽ മുത്തശ്ശിയെ തോൽപിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. ആ മുത്തശ്ശി ആണ് എന്നോട് പറഞ്ഞിട്ടുള്ളത് വെയിലും മഴയും ഒന്നിച്ച് വന്നാൽ കള്ളകുറുക്കന്റെ കല്ല്യാണമാണെന്ന് എന്നിട്ടും മുത്തശ്ശി പറഞ്ഞ ആ കള്ളകുറുക്കന്റെ കല്യാണം മാത്രം ഇതുവരേയും ഞാൻ നേരിട്ട് കണ്ടിട്ടേയില്ല. അപ്പോൾ ഞാൻ ഈ കാര്യത്തിലെങ്കിലും മുത്തശ്ശിയെ തോൽപ്പിച്ചില്ലേ എന്ന് ഞാൻ സ്വയം ആശ്വസിക്കാൻ തുടങ്ങുമ്പോഴേക്കും എന്നിലേക്ക് ഒരു വിചിത്ര ചിത്രം കടന്നു വരുമായിരുന്നു ഒരു കാടും അതിന്റെ നടുവിലൊരു വലിയ മരവും അതിന്റെ ചോട്ടിൽ ഒത്തുകൂടി സന്തോഷം പങ്കുവെക്കുന്ന ഒരു പാട് കുറുക്കന്മാരും, വാദ്യവും, ആഘോഷവും, ഉദിച്ചു നിൽക്കുന്ന സൂര്യനും നനുത്തു പെയ്യുന്ന ചാറ്റൽ മഴയും.. ഇതിന് നടുക്ക് വരണമാല്യം ചൂടി നിൽക്കുന്ന എന്റെ കുറുക്കനും കുറുക്കത്തിയും അത് കണ്ട് അന്നും ഇന്നും ഞാൻ ഉള്ളാലെ ചിരിക്കുന്നു.
ഇപ്പോൾ ഞാൻ ഓർക്കാറുണ്ട് നമ്മെ പോലെ വലിയ വലിയ ലോക വിവരങ്ങൾ അറിയാൻ അവർ സമയം ചിലവഴിച്ചിരുന്നില്ലെങ്കിലും സ്വയം ഉണ്ടാക്കിയെടുത്ത നാട്ടറിവിലൂടെ കുഞ്ഞു മനസുകളിൽ കയറി കൂടാനും, അവരുടെ മനസുകളിൽ ആഴത്തിലുള്ള ചിന്തകൾക്ക് പന്തലിടാനും ആ പന്തലിൽ ഒരു ഇരിപ്പിടം ഇട്ടിരിക്കാനും മുത്തശ്ശിമാർക്കല്ലാതെ ആർക്കാണ് ഇന്നും കഴിഞ്ഞിട്ടുള്ളത്.
ഇത്തരം മുത്തശ്ശി കഥകൾ കുട്ടികളായ ഞങ്ങളിൽ എത്രയോ ചിന്തകൾ വളർത്തി വലുതാക്കി മനസിനെ സ്വാന്ത്വനിപ്പിച്ചിരുന്നെന്നോ!!! ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും, ശാസ്ത്ര ത്തിന്റെ വളർച്ച പറഞ്ഞ് നമ്മൾ എല്ലാം തള്ളി കളയാൻ ശ്രമിച്ചിട്ടും ഇവയൊന്നും സഹാനുഭൂതിയുള്ള മനുഷ്യന്റെ ഉള്ളിൽ നിന്നും വേരറ്റു പോയില്ല. ഇപ്പോഴും സഹാനുഭൂതിയുള്ള മനുഷ്യനിൽ ഇതെല്ലാം ഇടയ്ക്കു ഉറക്കം വിട്ടുണരും, പിന്നീട് ചിറകുവിരിച്ച് ആകാശത്തോളം പറക്കും, നമ്മളുടെ ഏകാന്തതയിൽ നമ്മോടൊപ്പം ചിരിക്കുകയും, കരയുകയും, ആഘോഷിക്കുകയും, ചെയ്യും ആരുമറിയാതെ ആരെയുമറിയിക്കാതെ!