1

അങ്കിൾ ടോംസ് ക്യാബിൻ

അപ്പയുടെ നിർബന്ധപ്രകാരമാണ് ഞാൻ ഹാരിയറ്റ്  ബീച്ചർ സ്റ്റോവിന്റെ അങ്കിൾ ടോംസ് ക്യാബിൻ വായിക്കുന്നത്.
എന്റെ ഓർമ്മയിൽ ഞാൻ ഒമ്പതാം ക്ലാസ്സിൽ  പഠിക്കുമ്പോഴാണ് ആ മനോഹരമായ പുസ്തകം വായിക്കുന്നത്.  അടിമത്തത്തിനെതിരെ പ്രവർത്തിച്ച തീഷ്ണശാലിയായ ഒരു എഴുത്തുകാരിയാണ് ബീച്ചർ സ്റ്റോവ്. പുസ്തകം വായിക്കാൻ  തിരഞ്ഞെടുക്കുമ്പോഴും ഞാൻ ഓടിച്ചെല്ലുക അപ്പയുടെ അടുത്തായിരുന്നു, ആ പുസ്തകത്തെ പറ്റി ഒന്ന് വിവരിക്കാനായിരുന്നു അത്.  അപ്പയുടെ അഭിപ്രായം  നല്ലതാണെങ്കിൽ ഞാൻ ആ പുസ്തകം തന്നെയാണ് തിരഞ്ഞെടുക്കുക. ഈ പുസ്തകം എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് അപ്പൻ പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു. അത് അടിമ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച എബ്രഹാം ലിങ്കൻ  ഹാരിയറ്റിനെ കണ്ടപ്പോൾ പറഞ്ഞ വാക്കുകളാണ് "So you are the little lady who started this great war“.
 

ഈ നോവൽ മുന്നോട്ട് വയ്ക്കുന്നത് അങ്കിൾ ടോം എന്ന മുഖ്യ കഥാപാത്രത്തിലൂടെ ആണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അങ്കിൾ ടോം. നല്ലൊരു വിശ്വാസിയും തന്റെ വിശ്വാസങ്ങളിൽ  ഉറച്ചുനിൽക്കുന്നതുമായ ഒരു വ്യക്തിയാണ് അദ്ദേഹം. കഥയിൽ ഉടനീളം ദയനീയമായ അവസ്ഥയിലൂടെ അദ്ദേഹം കടന്നു പോകുന്നു. തന്റെ യജമാനന്റെ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് തന്റെ പ്രിയപ്പെട്ട പണിക്കാരനെ അദ്ദേഹത്തിന് വിൽക്കേണ്ടി വരുന്നു.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് എങ്ങനെ ഇത്ര ക്രൂരതകൾ ചെയ്യാൻ കഴിയുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു പോകുന്നു. എന്റെ അഭിപ്രായത്തിൽ, മനുഷ്യത്വമുള്ള എല്ലാവരും ഈ പുസ്തകം ഒന്ന് വായിക്കേണ്ടത് തന്നെയാണ്. മനുഷ്യന്റെ മൃഗീയ സ്വഭാവം തന്നെയാണ് നമുക്ക് ഈ പുസ്തകത്തിൽ നിന്ന് കാണാൻ കഴിയുന്നത്. ഞാൻ വായിച്ച പുസ്തകങ്ങളിൽ വെച്ച് പ്രിയപ്പെട്ടത് അങ്കിൾ ടോംസ് ക്യാബിൻ തന്നെയാണ്. അമേരിക്കൻ ആഭ്യന്തര വിപ്ലവത്തിന്റെ അമ്മ എന്ന് എബ്രഹാം ലിങ്കൺ വിശേഷിപ്പിച്ച വിഖ്യാത നോവലിസ്റ്റ് ആണ് എഴുത്തുകാരി. ഈ നോവൽ അടിമത്തത്തിന് എതിരെ ഉള്ളതാണ്.